പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും അണയാത്ത പുണ്യമായി മാറണമെന്ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന് ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ബെത്ലഹേം മഹിമ മറന്ന് എളിമപ്പെട്ട സ്ഥലമാണ്. ലോകത്ത് സമാധാനം വേണമെങ്കില്‍ മനുഷ്യന് ചെറുതാകാനും സ്വയം ശൂന്യവത്കരിക്കാനും പഠിക്കണമെന്നതാണ് ബെത്ലഹേം നല്കുന്ന സന്ദേശം. ഇത്തരത്തില്‍ എളിമപ്പെട്ടതും പ്രത്യാശയുമുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങള്‍ക്ക് വസ്ത്രവും ഭക്ഷണവും പാര്‍പ്പിടവും വിശ്വാസവും നല്കി അവരുടെ സംരക്ഷകനായി മാറാന്‍ കഴിഞ്ഞത്.
പ്രത്യാശ ദൈവത്തിലുള്ള ശരണവും ഉറപ്പുമാണ്. ദൈവം ഒരിക്കലും കൈവിടില്ലെന്ന വിശ്വാസമാണത്. വിശ്വാസവും പ്രത്യാശയും സ്നേഹവും വിതറിയാണ് സുക്കോളച്ചന് കടന്നുപോയതെന്നും വിശുദ്ധ ജീവിതം നയിച്ച മിഷനറിമാരെ കാണാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല ആമുഖപ്രഭാഷണം നടത്തി. പ്രത്യാശ ജനിക്കേണ്ടത് കുരിശിന്റെ ചുവട്ടില്നിന്നാകണമെന്നും പ്രത്യാശയുള്ളവര്‍ക്ക് നല്ലൊരു ഭാവിയുണ്ടെന്നും ഡോ.അലക്സ് വടക്കുംതല പറഞ്ഞു. സഹായ മെത്രാന് ഡോ.ഡെന്നീസ് കുറുപ്പശേരി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.
മോണ്‍. ഡോ. ക്ലാരന്‍സ് പാലിയത്ത്, പ്രൊക്കുറേറ്റര്‍ ഡോ. ജോയ് പൈനാടത്ത്, കേരള ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ ഡോ.ഹെന്റി പട്ടരുമഠത്തില്‍, ദീനസേവനസഭ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി തുടങ്ങിയവരും രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ വിശ്വാസസമൂഹവും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.
2024 ഡിസബര്‍ 24 ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നതോടെയാണ് കണ്ണൂര്‍ രൂപതയിലും ആത്മീയ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രത്യാശയുടെ മഹാജൂബിലി പരിപാടികള്‍ തുടങ്ങിയത്. വിശാസസമൂഹത്തിനായി തുറന്നുകൊടുത്തിരുന്ന ഈ വിശുദ്ധവാതില്‍ ഇന്നലെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ അടച്ചിരുന്നു. ഇതിനൊപ്പമാണ് കണ്ണൂര്‍ രൂപതയിലേയും മഹാജൂബിലി സമാപനം സംഘടിപ്പിച്ചത്. ജൂബിലി സമാപനത്തിന്റെ ഭാഗമായി ആറ് മേഖലകളില്‍ നിന്നെത്തിച്ച ജൂബിലി കുരിശുകളെ സ്വീകരിച്ച ശേഷമുള്ള ദിവ്യകാരുണ്യ ആരാധനയും നടന്നു.
മലബാറിന്റെ മഹാമിഷണറി ദൈവദാസന് ഫാ. ലീനസ് മരിയ സുക്കോളിന്റെ 12-ാം സ്വര്‍ഗീയ ജന്മദിനത്തിന്റെ ഭാഗമായി ഖബറിടത്തില്‍ നടത്തിയ അനുസ്മരണ പ്രാര്‍ഥനയ്ക്ക് ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്കി. സ്നേഹവിരുന്നോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.